top of page
Samakalikamalayalam
August 16, 2021 at 12:00:00 AM
The hidden prince in history (ചരിത്രത്തില്‍ മറഞ്ഞുനില്‍ക്കുന്ന രാജകുമാരന്‍)

Please choose and click one of the following icons to discuss about this news in our Community.

e316f544f9094143b9eac01f1f19e697.webp
59687ffffc2042f885062ce2b0744381.webp
1200px-Quora_icon.svg.png

The hidden prince in history (ചരിത്രത്തില്‍ മറഞ്ഞുനില്‍ക്കുന്ന രാജകുമാരന്‍)

മുഗള്‍ ഡല്‍ഹി. 1659 സെപ്തംബര്‍ എട്ട്. ആനപ്പുറത്ത് ഒരു മുഗള്‍ രാജകുമാരന്‍ ചെങ്കോട്ടയിലേക്ക് പരേഡ് നടത്തുന്നത് കാണാന്‍ തെരുവോരങ്ങളില്‍ വലിയ ആള്‍ക്കൂട്ടം. ആനയ്ക്കു പിറകില്‍ കുതിരപ്പടയാളികളും കാലാള്‍ പട്ടാളവും. പരേഡ് പക്ഷേ, കിരീടധാരണത്തിനായിരുന്നില്ല. യുദ്ധത്തില്‍ വിജയശ്രീലാളിതനായുള്ള തിരിച്ചുവരവുമായിരുന്നില്ല. അത് ജനസമക്ഷം നടന്ന വിസ്തരമായ അപമാനിക്കലായിരുന്നു. പരേഡിന്റെ പര്യവസാനമോ? പിറ്റേന്ന്, സെപ്തംബര്‍ ഒന്‍പതിന്, ചെങ്കോട്ടയില്‍ നടന്ന പ്രദര്‍ശന വിചാരണയ്ക്കുശേഷം സായുധ അടിമകള്‍ രാജകുമാരനെ ശിരച്ഛേദം ചെയ്തു. അഴുക്കുപുരണ്ട തലയില്ലാത്ത ശരീരം, പഴന്തുണിയില്‍ പൊതിഞ്ഞ്, ചടങ്ങുകളൊന്നുമില്ലാതെ ചെങ്കോട്ടയില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള രാജകുമാരന്റെ മുതുമുത്തച്ഛന്റെ ശവകുടീര വളപ്പില്‍ മറവ് ചെയ്തു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മൂത്ത മകന്‍ ദാരാ ഷിക്കോ ആയിരുന്നു ആനപ്പുറത്തുണ്ടായിരുന്നത്. വധം വിധിച്ചത് അധികാരം പിടിച്ചെടുത്ത ദാരയുടെ സഹോദരന്‍ ഔറംഗസേബ്. ദാരയെ ഖബറടക്കിയ സ്ഥലം ഹുമയൂണിന്റെ ശവകുടീരാങ്കണം. ദാരയുടേയും ആനയുടേയും ദയനീയ ചിത്രം അന്ന് നേരില്‍ കണ്ട ഫ്രെഞ്ച് സഞ്ചാരി ഫ്രാന്‍സ്വാ ബെര്‍ണിയര്‍ എഴുതി: ''ദാര പതിവായി കയറുന്ന പെഗുവില്‍നിന്നോ സിലോണില്‍നിന്നോ കൊണ്ടുവന്ന ഗാംഭീര്യമുള്ള ആനയായിരുന്നില്ല അത്. ദാര കയറുന്ന ആനകള്‍ ആഡംബരത്തോടെ സജ്ജമാക്കപ്പെട്ടവയാണ്. ദേഹമാസകലം ചളിപുരണ്ട , മെലിഞ്ഞൊട്ടിയ ചെറിയൊരു ആനയുടെ പുറത്താണ് ദാര ഇരിക്കുന്നത്. ദയനീയമാണ് ദാരയുടെ അവസ്ഥ; ആനയുടേതും. ഹിന്ദുസ്ഥാനിലെ രാജകുമാരന്മാര്‍ അണിയുന്ന വലിയ മുത്തുകള്‍ ഉള്ള കണ്ഠാഭരണം ദാര ധരിച്ചിരുന്നില്ല. രാജകുമാരന്റെ തലപ്പാവിന്റേയും കശ്മീരി ഷാളിന്റേയും കാര്യവും കഷ്ടം. പരമ ദരിദ്രരുടേതിനു സദൃശമാണവ.'' (Francois Bernier, Travels in the Mugal Empire, A.D. 16561668) ദാര ഷിക്കോയെ ഗളഹസ്തം ചെയ്തശേഷം തലയില്ലാത്ത ശരീരം മറവുചെയ്തത് ഹുമയൂണ്‍ ശവകുടീരാങ്കണത്തിലാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും കല്ലറ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നര നൂറ്റാണ്ടു മുന്‍പ് ഭ്രാതൃഹത്യയ്ക്ക് വിധേയനായി അനാദരവോടെ കുഴിച്ചുമൂടപ്പെട്ട ദാരയുടെ കല്ലറ കണ്ടെത്താന്‍ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ (എ.എസ്.ഐ)യുടെ മേല്‍നോട്ടത്തില്‍ ഒരു ഏഴംഗ സമിതി ഉണ്ടാക്കിയത് മാസം മുന്‍പാണ്. എ.എസ്.ഐയുടെ Director-monument ആയ ടി.ജെ. എലോണിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ മുതിര്‍ന്ന പുരാതത്ത്വവിജ്ഞാനീയ വിദഗ്ദ്ധരും ചരിത്രകാരന്മാരുമായ ആര്‍.എസ്. ബിഷ്ട്, സയിദ് ജമാല്‍ ഹസ്സന്‍, കെ.എന്‍. ദീക്ഷിത്, ബി.ആര്‍. മണി, കെ.കെ. മുഹമ്മദ്, സതീശ് ചന്ദ്ര, ബി.എം. പാണ്ഡെ എന്നിവരാണുള്ളത്. മൂന്നു മാസമാണ് സമിതിക്കു നല്‍കിയിരിക്കുന്ന കാലയളവെങ്കിലും നീട്ടാവുന്നതാണ്. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ പ്രശസ്ത പുരാവസ്തു ശാസ്ത്രവിദഗ്ദ്ധന്‍ കെ.കെ. മുഹമ്മദ് താനുള്‍പ്പെടുന്ന സംഘത്തിന്റെ ദൗത്യം ഒട്ടും അനായാസമല്ലെന്നു പറയുന്നു: ''ദാരയെ എവിടെയാണ് മറവ് ചെയ്തതെന്നു കൃത്യമായി ആര്‍ക്കും അറിയില്ല. ഹുമയൂണ്‍ ശവകുടീരാങ്കണത്തില്‍ ഒരു ചെറിയ കല്ലറയാണ് പലരും ചൂണ്ടിക്കാണിക്കാറുള്ളത്. അവിടെ നൂറ്റിനാല്‍പ്പതോളം ഖബറുകള്‍ ഉണ്ട്. ഇവയില്‍ മിക്കവയിലും പേര് കൊത്തിവെച്ചിട്ടില്ല. ഹുമയൂണ്‍ ശവകുടീര വളപ്പിലാണെന്നത് തീര്‍ച്ചയല്ല, സാധ്യത മാത്രമാണ്. മുഹമ്മദ് സലേഹ് കംബോഹ് രചിച്ച അമല്‍-ഇ-സാലിഹ് (ഷാജഹാന്‍ നാമ എന്നും അറിയപ്പെടുന്ന) എന്ന കൃതിയില്‍ ദാര ഷിക്കോയെക്കുറിച്ച് രണ്ട് പേജുണ്ട്. ദാരയെ ഔറംഗസേബ് തോല്‍പ്പിച്ചശേഷം ചങ്ങലയില്‍ ബന്ധിച്ച് ഡല്‍ഹിയില്‍ കൊണ്ടുവന്നു എന്നും തുടര്‍ന്ന് തലവെട്ടി അത് ആഗ്ര കോട്ടയിലേക്ക് അയച്ചു എന്നും കബന്ധം ഹുമയൂണ്‍ ശവകുടീര സമുച്ചയത്തില്‍ മറവു ചെയ്‌തെന്നും അതില്‍ പറയുന്നു. അക്കാലത്ത് ഡല്‍ഹിയില്‍ ഉണ്ടായിരുന്ന ഇറ്റാലിയന്‍ സഞ്ചാരി നിക്കോളോ മനൂച്ചിയും ഇതേ കാര്യം വിവരിക്കുന്നുണ്ട്.'' 1615-ല്‍ ജനിച്ച ദാര ഷിക്കോ 44-ാം വയസ്സില്‍ ദാരുണമായി കൊല്ലപ്പെടുമ്പോഴേക്കും അമ്പതോളം ഉപനിഷത്തുക്കളും ഭഗവദ്ഗീതയും പഴയനിയമവും പുതിയ നിയമവും മറ്റു ചില പ്രാചീന സംസ്‌കൃത ഗ്രന്ഥങ്ങളും പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ മേല്‍നോട്ടം വഹിക്കുകയും അവ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. 1656-ല്‍ ഒരു സംഘം ബ്രാഹ്മണ പണ്ഡിറ്റുകളെ രാജകൊട്ടാരത്തില്‍ വിളിച്ചുചേര്‍ത്ത് ഉപനിഷത്തുക്കളുടെ വിവര്‍ത്തനം തുടങ്ങി. അങ്ങനെ അമ്പതോളം ഉപനിഷത്തുക്കള്‍ ഒരു വാള്യമായി സിര്‍-ഇ-അക്ബര്‍ (മഹത്തായ രഹസ്യം) എന്ന പേരില്‍ പേര്‍ഷ്യനില്‍ ദാര പുറത്തുകൊണ്ടുവന്നു. 1654-ല്‍ മജ്മ-അല്‍-ബഹ്റൈന്‍ (രണ്ട് സമുദ്രങ്ങളുടെ സംഗമസ്ഥാനം) എന്ന ശീര്‍ഷകത്തില്‍ സൂഫി ചിന്തകളും ഉപനിഷദ് ദര്‍ശനങ്ങളും തമ്മിലുള്ള പാരസ്പര്യത്തെ മുന്‍നിര്‍ത്തി സ്വന്തമായി ഗ്രന്ഥം രചിച്ചു. കാലിഗ്രാഫിയുടേയും ചെറുചിത്രങ്ങളുടേയും മനോഹരമായ ആല്‍ബങ്ങള്‍ ഉണ്ടാക്കാനും ദാര സമയം കണ്ടെത്തി. സംസ്‌കാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും കുറുകെ സഞ്ചരിച്ച ദാര തനിക്കു ചുറ്റും സൂഫികളേയും യോഗികളേയും മറ്റു മതങ്ങളിലെ പുണ്യവാളന്മാരേയും കൊണ്ടുനടന്നു. ഷാജഹാന്‍ തന്റെ ഇളയപുത്രന്മാരെയെല്ലാം സാമ്രാജ്യത്തിലെ വിവിധ പ്രവിശ്യകള്‍ ഭരിക്കാന്‍ ദൂരെ അയച്ചപ്പോള്‍ ദാരയെ തനിക്കൊപ്പം നിര്‍ത്തി. പ്രതിവര്‍ഷം 20 ലക്ഷം രൂപ ദാരയ്ക്ക് അനുവദിച്ചു. ഉയര്‍ന്ന പദവിയുള്ള മുഗള്‍ പ്രഭുക്കന്മാര്‍ക്കുപോലും കിട്ടാത്ത വാര്‍ഷിക ശമ്പളം. ഇതില്‍ സിംഹഭാഗവും ദാര ചെലവഴിച്ചത് ഉപനിഷത്തുക്കളുടെ വിവര്‍ത്തനം ഉള്‍പ്പെടെയുള്ള രചനാത്മക പ്രവര്‍ത്തനങ്ങള്‍ക്കാണ്. പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഉപനിഷത്തുക്കള്‍ പിന്നീട് ആ ഭാഷയില്‍നിന്നാണ് ലാറ്റിനിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നത്. തുടര്‍ന്നു മറ്റു യൂറോപ്യന്‍ ഭാഷകളിലേക്കും. അതോടെയാണ് ഉപനിഷദ് ദര്‍ശനങ്ങളുടെ ആഴവും മാഹാത്മ്യവും യൂറോപ്യന്മാര്‍ മനസ്സിലാക്കുന്നത്. തന്റെ ജീവിതത്തിന് ഏറ്റവും സാന്ത്വനം നല്‍കിയത് ഉപനിഷത്തുക്കളാണെന്ന് 190ാം നൂറ്റാണ്ടിലെ ജര്‍മന്‍ തത്ത്വചിന്തകനായ ആര്‍തര്‍ ഷോപ്പന്‍ ഹോവര്‍ പറഞ്ഞപ്പോള്‍ ആ സാന്ത്വന ദാര്‍ശനിക സ്പര്‍ശത്തിനു കാരണഭൂതനായ സ്വപ്നവിഹാരിയായ മുഗള്‍ രാജകുമാരന്‍ ഡല്‍ഹിയിലെ ഹുമയൂണ്‍ ശവകുടീര സമുച്ചയത്തിലെവിടെയോ മണ്ണിലലിഞ്ഞിട്ട് രണ്ടു നൂറ്റാണ്ടു കഴിഞ്ഞിരുന്നു. ദാരയുടെ ദുര്‍വിധി തുടങ്ങുന്നത് 1657-ലെ ശരല്‍ക്കാലത്താണ്. ഷാജഹാന്‍ രോഗബാധിതനായി ഭരണനിര്‍വ്വഹണത്തിന് അശക്തനായതോടെ രാജത്വാവകാശത്തിനുവേണ്ടി ഔറംഗസേബും ദാരയും തമ്മിലുള്ള കിടമത്സരം ആരംഭിച്ചു. ചെറുപ്പംതൊട്ടേ അവര്‍ മുഖത്തോടുമുഖം നോക്കില്ലായിരുന്നു. രണ്ടു പേര്‍ക്കും പരസ്പര വിരോധം മാത്രമല്ല, പരസ്പര പുച്ഛവുമായിരുന്നു. 1658 മെയ് മാസത്തില്‍ യമുനാ നദിക്കരയിലെ സമുഗറില്‍വെച്ച് ആ വൈരനിര്യാതന ബന്ധം യുദ്ധമൂര്‍ച്ഛയിലെത്തി. ആഗ്രയില്‍നിന്നു 16 കിലോമീറ്റര്‍ അകലെയുള്ള സമുഗറിലേക്ക് ദാര എത്തിയത് ആനപ്പുറത്താണ്. പിന്നില്‍ സാമാന്യം വലിയ സൈന്യവും. പക്ഷേ, ദാരയുടെ സൈന്യത്തിലുണ്ടായിരുന്ന 'പടയാളി'കളില്‍ പലരും സൈന്യത്തിലേക്ക് പെട്ടെന്ന് എടുത്ത കശാപ്പുകാരും ക്ഷുരകന്മാരും കൊല്ലന്മാരും ഒക്കെയായിരുന്നു. ഒരിക്കല്‍പ്പോലും യുദ്ധമുഖം കണ്ടിട്ടില്ലാത്തവര്‍. മാത്രമല്ല, ദാരയുടെ നേതൃപാടവത്തിലും യുദ്ധപരിചയത്തിലും സംശയാലുക്കളായിരുന്ന പ്രബല പ്രഭുക്കന്മാര്‍ താന്താങ്ങളുടെ സൈന്യത്തെ വിട്ടുനല്‍കിയതുമില്ല. ഔറംഗസേബിന്റെ സൈനികര്‍ എണ്ണത്തില്‍ കുറവായിരുന്നുവെങ്കിലും ഡെക്കാനില്‍ മുഗളന്മാര്‍ നടത്തിയ വിജയകരമായ യുദ്ധങ്ങളില്‍ ഭാഗഭാക്കായി പോര്‍വീര്യം ആര്‍ജ്ജിച്ചവരായിരുന്നു. യുദ്ധമധ്യേ ദാരയുടെ അമ്പാരിയില്‍ അക്കാലത്തെ ഒരു റോക്കറ്റ് പതിച്ചപ്പോള്‍ ദാര പെട്ടെന്ന് ആനപ്പുറത്തുനിന്ന് ഇറങ്ങി. ഇതുകണ്ട സൈന്യം ചിതറിയോടി. മൂന്നു മണിക്കൂറില്‍ ദാരയുടെ 10000 സൈനികര്‍ കൊല്ലപ്പെട്ടു. സൈന്യത്തില്‍ പുതുതായി ചേര്‍ക്കപ്പെട്ടവര്‍ ദാരയുടെ കൊട്ടാരം കവര്‍ച്ച ചെയ്യാന്‍ ആഗ്രയിലേക്ക് കുതിച്ചു. ദാര സാധാരണക്കാരുടെ വസ്ത്രവും വിലകുറഞ്ഞ പാദരക്ഷയും ധരിച്ച് സിന്ധിലേക്ക് പലായനം ചെയ്തു. സിന്ധില്‍ ദാരയ്ക്കു സംരക്ഷണം വാഗ്ദാനം ചെയ്ത മാലിക് ജമാല്‍ എന്ന ബലൂച്ച് മൂപ്പന്‍ ദാരയെ ഒറ്റി. അങ്ങനെയാണ് ദൈന്യതയാര്‍ന്ന ആ ആനപ്പുറത്ത് അതിലേറെ ദൈന്യനായി ഡല്‍ഹിയിലെ രാജവീഥിയില്‍ ദാരയെ കൊണ്ടുവന്നത്. താന്‍ ജീവിച്ച കാലത്തിന്റെ പൊതുമനക്കൂട്ടിനെ അതിവര്‍ത്തിക്കുന്ന വിധത്തില്‍ ഉല്‍പ്പതിഷ്ണുവായിരുന്ന ദാര മുഗള്‍ ചക്രവര്‍ത്തിയായിരുന്നുവെങ്കില്‍ മുഗള്‍ സാമ്രാജ്യത്തിന്റേയും ഭാവി ഇന്ത്യയുടേയും ചരിത്രം മറ്റൊന്നാകുമായിരുന്നു എന്നു നിരീക്ഷിക്കുന്നവരുണ്ട്. ഇന്നത്തെ ആശയങ്ങളും അവ പ്രകാശിപ്പിക്കുന്ന സംജ്ഞകളും ഉപയോഗിച്ച് ദാരയെ മതേതരവാദിയും ലിബറല്‍ ചിന്താഗതിക്കാരനുമായ മുഗളന്‍ എന്നു വിലയിരുത്തുന്നവരാണിവര്‍. എന്നാല്‍, ഭരണ പരിചയമോ യുദ്ധസാമര്‍ത്ഥ്യമോ ഇല്ലാതിരുന്ന ദാര ചക്രവര്‍ത്തിയായിരുന്നുവെങ്കില്‍ മുഗള്‍ സാമ്രാജ്യം 1707-ന് (ഔറംഗസേബ് മരിച്ച വര്‍ഷം) മുന്‍പേ ഛിന്നഭിന്നമാകുമായിരുന്നു എന്നും സെക്യുലര്‍, ലിബറല്‍ തുടങ്ങിയ ആധുനിക പദപ്രയോഗങ്ങള്‍ ഭൂതകാലത്തിലേക്ക് പ്രക്ഷേപിക്കുന്ന രീതി ശരിയല്ലെന്നും മറ്റൊരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു. ഈ വിരുദ്ധ ധ്രുവങ്ങള്‍ക്കിടയില്‍ പ്രമുഖ ചരിത്രകാരനായ സുനില്‍ കില്‍നാനിയുടെ നിരീക്ഷണം ശ്രദ്ധേയമത്രെ: ''മുഗള്‍ പ്രമാണപ്രകാരം വിലയിരുത്തിയാല്‍ ദാര ഷിക്കോ ഭാഗ്യഹീനനായ രാജകുമാരനാണ്. പക്ഷേ, ദാരയുടെ മരണാനന്തരം അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ പൂര്‍ത്തീകരിച്ച ഉപനിഷത്തുക്കളുടേയും മറ്റു സംസ്‌കൃത കൃതികളുടേയും വിവര്‍ത്തനങ്ങളാണ് ഇസ്ലാമും ഹിന്ദുയിസവും തമ്മിലും ഇന്ത്യയും പാശ്ചാത്യലോകവും തമ്മിലുമുള്ള നിര്‍ണ്ണായക കണ്ണിയായി മാറിയത്. ദാര ഇതൊന്നും ചെയ്തിരുന്നില്ലെങ്കില്‍ 'വിജയി'യായ ഒരു രാജകുമാരനോ അല്ലെങ്കില്‍ ചക്രവര്‍ത്തിപോലുമോ ആകുമായിരുന്നു. പക്ഷേ, നമ്മുടെ മനസ്സുകള്‍ ഇന്നു കൂടുതല്‍ സങ്കുചിതമാകുമായിരുന്നു.''
bottom of page